കൊച്ചി: സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞുപോയി എന്ന പരാതിയെത്തുടർന്നു ചിക്കിംഗ് ഔട്ട്ലെറ്റില് നടന്ന സംഘര്‍ഷത്തിനു പിന്നാലെ മാനേജരെ പിരിച്ചുവിട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് മാനേജറായ ഫോര്‍ട്ട് കൊച്ചി സ്വദേശി ജോഷ്വയെ ചിക്കിംഗ് മാനേജ്മെന്റ് പുറത്താക്കിയത്. ഒരു കാരണവശാലും അക്രമം അനുവദിക്കില്ലെന്നു കമ്പനി അറിയിച്ചു.
ജോഷ്വ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എറണാകുളം എംജി റോഡിലെ ചിക്കിംഗ് ഔട്ട്ലെറ്റിലായിരുന്നു സംഭവം. സിബിഎസ്ഇ സ്കൂള്‍ കായിക മേളയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥികളാണ് എംജി റോഡ് ചിക്കിംഗില്‍ സാന്‍വിച്ച് കഴിക്കാനെത്തിയത്. സാന്‍വിച്ചില്‍ ചിക്കന്‍ ഇല്ലല്ലോ എന്ന പരാതി പറഞ്ഞതോടെ മാനേജറും വിദ്യാര്‍ഥികളും വാക്കുതർക്കം ഉണ്ടാവുകയായിരുന്നു.
വാക്കേറ്റം രൂക്ഷമായതോടെ വിദ്യാര്‍ഥികള്‍ കടയില്‍നിന്ന് ഇറങ്ങുകയും സഹോദരന്മാരെ കൂട്ടി വരികയുമായിരുന്നു. സഹോദരങ്ങള്‍ കടയിലെത്തി ചോദ്യം ചെയ്തതോടെ മാനേജര്‍ കത്തിയെടുത്തു വന്നു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കടയ്ക്കു പുറത്തേക്കിറങ്ങിയ ഇയാളെ മല്‍പ്പിടിത്തത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
പരാതി ഇങ്ങനെ
നിലത്തു വീണ ഇയാൾക്ക് നേരേ കൈയേറ്റവുമുണ്ടായി. ആക്രമണത്തിനു പിന്നാലെ ഇരുകൂട്ടരും ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് സെന്‍ട്രല്‍ പോലീസില്‍ പരാതി നല്കി.
വിദ്യാര്‍ഥികള്‍ വിളിച്ചു പറഞ്ഞതിനെത്തുടര്‍ന്നു നാലുപേര്‍ ഔട്ട്ലെറ്റില് അതിക്രമിച്ചു കയറി തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും 83,000 രൂപയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി എന്നുമാണ് ജോഷ്വയുടെ പരാതി.
മാനേജര്‍ കത്തിവീശി ഭീഷണിപ്പെടുത്തിയെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമാണ് വിദ്യാര്‍ഥികളുടെ പരാതി. ജോഷ്വയുടെ പരാതിയില്‍ വിദ്യാര്‍ഥികളുടെ ബന്ധുവായ ഒരാളെ അറസ്റ്റ് ചെയ്തു വിട്ടയച്ചിരുന്നു. അഞ്ചു പേര്‍ക്കെതിരെയാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്.